News

ചുണങ്ങംവേലിക്കാർക്ക് പ്രിയപ്പെട്ട സി. മാർട്ടിനാമ്മയ്ക്ക് ആദരാഞ്ജലികൾ

ആലുവ: ചുണങ്ങംവേലി എംഎസ്ജെ സിസ്റ്റർ മാർട്ടിന കർത്താവിൽ നിദ്ര പ്രാപിച്ചു. നീണ്ടകാലം അങ്കമാലി എൽഎഫ് ഹോസ്പിറ്റലിൽ സേവനം ചെയ്തശേഷമാണ് ചുണങ്ങംവേലി എംഎസ്ജെ പ്രൊവിൻഷ്യൽ ഹൗസിൽ എത്തിച്ചേർന്നത്. സഭാസ്ഥാപകൻ ദൈവദാസൻ ജോസഫ് പഞ്ഞിക്കാരൻ അച്ചന്റെ പാവങ്ങളോടുള്ള അതിരില്ലാത്ത കാരുണ്യം മാർട്ടിനാമ്മയിലും വളരെ പ്രകടമായിരുന്നു. ജാതിമതവ്യത്യാസമില്ലാതെ കാരുണ്യവും സ്നേഹവും മാർട്ടിനാമ്മയിൽ നിന്ന് അതിരില്ലാതെ ഒഴുകുമായിരുന്നു. സഹായം ചോദിച്ചു വരുന്നവർക്ക് ഏതു വിധേയനയും അത് ചെയ്തുകൊടുക്കാനുള്ള പരിശ്രമം, രോഗീസന്ദർശനം, മരണവീടുകളിൽ പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുക്കുക എന്നീ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. സിസ്റ്ററിന്റെ ജീവിതം തന്നെ ഒരു സമർപ്പണമായിരുന്നു. മറ്റൊരു മദർതേരേസ. പ്രൊവിൻഷ്യൽ ഹൗസിനോട് ചേർന്നുള്ള ചെറിയ ക്ലിനിക് ഒത്തിരിപേരുടെ സൗഖ്യകേന്ദ്രമായിരുന്നു. ആർക്കാണെങ്കിലും ഇൻജക്ഷനോ ഗുളികയോ കൊടുക്കുന്നതിനു മുൻപ് ഒരു പ്രാർത്ഥന, വിശ്വാസപ്രമാണം, ദൈവവചനം ഇതെല്ലാം ഒരു മരുന്ന് ആയി സിസ്റ്റർ നല്കിയിരുന്നു. എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികരുടെ വാർഷികധ്യാനം നിവേദിതയിൽ നടക്കുമ്പോൾ മാർട്ടിനാമ്മയുടെ മെഡിക്കൽ ഡിപ്പാർട്ട്മെന്റ് സജീവമായി പ്രവർത്തിച്ചിരുന്നു. ദിവസേന മഠത്തിൽ നിന്ന് നിവേദിതയിൽ എത്തി വൈദികർക്ക് ആവശ്യമായ വൈദ്യസഹായം എത്തിച്ചുകൊടുക്കുമായിരുന്നു. ഒത്തിരി വൈദികസൗഹൃദം കാത്തുസൂക്ഷിച്ച സിസ്റ്ററിന് ഒത്തിരി വൈദികരുടെ പ്രാർത്ഥനകൾ എന്നുമുണ്ടാകും. അങ്ങനെ വലിയൊരു കാരുണ്യത്തിന്റെ ആത്മാവ് നമുക്ക് മുമ്പേ യാത്രയായി.