News
ആത്മവിശ്വാസവും കഠിനാധ്വാനവും ജോനാഥന്റെ കരുത്ത്
കൊച്ചി: തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിലെ ജോനാഥൻ എസ്. ഡാനിയേൽ കേരള എൻജിനീയറിങ് എൻട്രൻസിൽ എസ്ടി വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടറായ പിതാവിന്റെ പാത പിന്തുടരാൻ താത്പര്യമുള്ള ജോനാഥൻ നാല് വർഷമായി മെഡിക്കൽ എൻട്രൻസിനായുള്ള പഠനത്തിലായിരുന്നു. ഇതിനിടെ തയ്യാറെടുപ്പിനായാണ് കേരള എൻജിനീയറിങ് എൻട്രൻസ് എഴുതിയത്. ഓവറോൾ എൻജിനീയറിങ് റാങ്കിങ്ങിൽ 1577-ാം സ്ഥാനവും നേടി. മാർക്ക് 452.36.
ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് ജോനാഥനെ റാങ്കിലേക്ക് എത്തിച്ചത്. 9-ാം ക്ലാസ് മുതലാണ് എൻട്രൻസ് പരീക്ഷയ്ക്കു തയ്യാറെടുപ്പ് ആരംഭിച്ചത്. നൈപുണ്യ സ്കൂളിലെ പ്ലസ് വൺ പഠനത്തോടൊപ്പം കോച്ചിങ്ങിനും ചേർന്നു. സ്കൂൾ അടച്ച ശേഷം ഓൺലൈൻ കോച്ചിങ് ആരംഭിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആയിരിക്കണക്കിനു മോഡൽ ചോദ്യങ്ങൾ ചെയ്തു തീർത്തു.
ഇതുവഴി ഫിസിക്സിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ആവശ്യത്തിനു സമയം ലഭിച്ചെന്നും ജോനാഥൻ പറഞ്ഞു. തൊടുപുഴയിൽ നിന്ന് 55 വർഷം മുൻപാണ് ജോനാഥന്റെ കുടുംബം പള്ളുരുത്തിയിൽ എത്തിയത്. പള്ളുരുത്തി നെല്ലിപ്പള്ളിൽ വീട്ടിൽ ഡോ. സുനിൽ ഡാനിയേലിന്റെയും കെഎസ്എഫ്ഇ എറണാകുളം ബ്രാഞ്ച് മാനേജർ റീന ജോസഫിന്റെയും മകനാണ് ജോനാഥൻ. സഹോദരി അന്ന ഡാനിയേൽ.