News

അവര്‍ മനസു തുറന്നു, ജില്ലാ കളക്ടര്‍ കേട്ടു ശ്രദ്ധേയമായി ഏഴു നിറങ്ങള്‍

കൊച്ചി: സമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും കേള്‍ക്കാന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് എത്തി. അവരുടെ പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി കേള്‍ക്കാനും പരിഹാര നിര്‍ദേശങ്ങള്‍ രൂപപ്പെടുത്താനും കളക്ടര്‍ തയാറായതോടെ ഏഴു നിറങ്ങള്‍ എന്ന പേരില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ഏകദിന ക്യാമ്പ് (ഏഴു നിറങ്ങള്‍) ശ്രദ്ധേയമായി.
എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ വെല്‍ഫെയര്‍ സര്‍വീസസും (സഹൃദയ) ജില്ലാ സാമൂഹ്യനീതിവകുപ്പും  സംയുക്തമായാണു ക്യാമ്പ് സംഘടിപ്പിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ അഭിമുഖികരിക്കുന്ന സമകാലീക പ്രശ്‌നങ്ങള്‍, ഈ രംഗത്തെ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍, ക്ഷേമപരിപാടികള്‍ എന്നിവയെക്കുറിച്ച് വിശലകനം ചെയ്യുന്നതിനും, അവരുമായി പോലീസിലെയും വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ ആശയവിനിമയവുമായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.
ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ അവകാശങ്ങളും ആവശ്യങ്ങളും സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു. ഈ രംഗത്തെ എന്‍ജിഒകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കൊപ്പം ഉച്ചഭക്ഷണത്തിലും ജില്ലാ കളക്ടര്‍ പങ്കുചേര്‍ന്നു.
വെല്‍ഫെയര്‍ സര്‍വീസസ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കെ. സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.  എസിപി ബിജി ജോര്‍ജ്, ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റീസ് ബോര്‍ഡ് പ്രതിനിധി നവാസ്, ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ പ്രൊജക്ട് ഓഫീസര്‍ ശ്യാമ. എസ്. പ്രഭ , സാമൂഹ്യ പ്രവര്‍ത്തക അഡ്വ.മായാ കൃഷ്ണന്‍, ഡോ. സി,ജെ, ജോണ്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ട്രാന്‍സ് ജെന്‍ഡര്‍മാര്‍ക്കു രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷനും ഉണ്ടായിരുന്നു.