News
ആഗോള മെത്രാന് സിനഡ്: അതിരൂപതാതല ഉദ്ഘാടനം നടത്തി
കൊച്ചി: കത്തോലിക്കാ സഭയിലെ ആഗോള സിനഡിനു മുന്നോടിയായുള്ള എറണാകുളം - അങ്കമാലി അതിരൂപതാതല ഉദ്ഘാടനം എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്നു. മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്തു.
ഇതോടനുബന്ധിച്ചു നടന്ന ദിവ്യബലിയില്‍ വികാരി ജനറാള്‍ മോണ്‍. ജോയി ഐനിയാടന്, റവ. ഡോ. മാര്ട്ടിന് കല്ലുങ്കല്‍, ബസിലിക്ക വികാരി ഫാ. ഡേവിസ് മാടവന എന്നിവര്‍ സഹകാര്‍മികരായി.
ആഗോള സിനഡിന്റെ വിഷയരൂപീകരണത്തിലും നടത്തിപ്പിലും സഭ മുഴുവന്റെയും സഭയ്ക്ക് പുറത്തുള്ളവരുടെയും കൂട്ടായ്മയും പങ്കാളിത്തവും പ്രകടമാകണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശത്തിന്റെ വെളിച്ചത്തില്‍ മൂന്നു തലങ്ങളിലായാണ് സിനഡ് സംഘടിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി എല്ലാ രൂപതകളിലും പ്രാദേശിക സഭാ സമൂഹങ്ങളിലും വിപുലമായ കൂടിയാലോചനകള്‍ നടക്കും. ഈ കൂടിയാലോചനകളിലെ കണ്ടെത്തലുകള്‍ 2022 സെപ്റ്റംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഓരോ ഭൂഖണ്ഡത്തിലെയും സഭാ നേതൃത്വം ചര്‍ച്ച ചെയ്യും. ആദ്യ രണ്ടു തലങ്ങളിലുള്ള ചര്‍ച്ചകള്‍ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തില്‍ 2023 ഒക്ടോബറില്‍ റോമില്‍ നടക്കുന്ന സാര്‍വത്രിക സഭാതലത്തിലുള്ള മെത്രാന്മാരുടെ സമ്മേളനത്തോടെ ആഗോള സിനഡിന് സമാപനമാകും.
റോമിലെ സിനഡ് സെക്രട്ടേറിയറ്റിന്റെ നിര്‍ദേശപ്രകാരം എറണാകുളം - അങ്കമാലി അതിരൂപതയില്‍ അതിരൂപത സിനഡല്‍ ടീം ആയിരിക്കും വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തങ്ങള്‍ക്കു നേതൃത്വം നല്‍കുക. സിനഡല്‍ ചര്‍ച്ചകള്‍ നാലു ഘട്ടങ്ങളായാണു ക്രമീകരിച്ചിട്ടുള്ളത്. വിവിധതലങ്ങളിലുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന നേതൃസംഘത്തിനുള്ള പരിശീലനം, ഇടവകകളിലും സ്ഥാപനങ്ങളിലുമുള്ള പ്രാഥമികതല ചര്‍ച്ചകള്‍, ഫൊറോനതല ചര്‍ച്ചകള്‍, അതിരൂപതയിലെ വിവിധ കാനോനിക സമിതികളുടേയും സംഘടനകളുടെയും സന്യാസസഭാ പ്രവിശ്യകളുടെയും കൂടിയാലോചനകള്‍ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും. ഇതിലെ വിലയിരുത്തലുകളും നിര്‍ദേശങ്ങളും അതിരൂപതാതല പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ചചെയ്ത് അതിരൂപതയുടെ പൊതു റിപ്പോര്‍ട്ട് തയാറാക്കും.