News
നാല്പതിലധികം ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ തുറന്നുകൊടുത്ത് സഹൃദയ സാഫല്യം തൊഴില്‍മേള
എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയും കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് കൊച്ചി നഗരസഭ, എറണാകുളം ജില്ലാ സാമൂഹ്യ നീതി വകുപ്പ്, എറണാകുളം പ്രസ് ക്ലബ്, സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് ബോട്ടണി വിഭാഗം, ഭാരത് മാതാ കോളേജ് എന്നിവരുടെ സഹകരണത്തോടെ എറണാകുളം സെന്റ് മേരീസ് ബസിലിക്ക ഹാളില്‍ പ്ലസ് ടു എങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ള ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച തൊഴില്‍മേളയില്‍ നൂറ്റി അമ്പതിലധികം ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുത്തത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി പ്രത്യേക പരിശീലനവും കൗണ്‍സിലിംഗും നല്‍കിയിരുന്നു. പന്ത്രണ്ടോളം കമ്പനികള്‍ അഭിമുഖത്തില്‍ പങ്കെടുത്തു.
അതിരൂപതാ വികാരി ജനറല്‍ ഫാ. ഹോര്‍മിസ് മൈനാട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഹൈബി ഈഡന്‍ എം.പി. ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നവരെയും ചേര്‍ത്ത് നിര്‍ത്തുമ്പോഴാണ് വികസനപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും സൗജന്യവിദ്യാഭ്യാസം ഉറപ്പാക്കിയിട്ടുള്ള നമ്മുടെ നാട്ടില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസത്തിന് പണച്ചെലവ് വേണ്ടിവരുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യാതിഥിയായിരുന്ന ചലച്ചിത്രതാരം സാജു നവോദയ ഉദ്യോര്‍ത്ഥികള്‍ക്കുള്ള ഹൈജീന്‍ കിറ്റിന്റെ വിതരണം നിര്‍വഹിച്ചു. പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ അനീഷ് മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആന്‍സില്‍ മൈപ്പാന്‍, ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര, പ്രോഗ്രാം ഓഫീസര്‍ കെ. ഓ. മാത്യുസ്, സെലിന്‍ പോള്‍, സിസ്റ്റര്‍ ജെയ്‌സി ജോണ്‍ എന്നിവര്‍ സംസാരിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ തൊഴില്‍മേളയ്ക്ക് നേതൃത്വം നല്‍കി. സിസ്റ്റര്‍ അഭയ യോഗനടപടികള്‍ ആംഗ്യഭാഷയിലേക്ക് പരിഭാഷപ്പെടുത്തി.