News

25 കാരുണ്യഭവനങ്ങളുടെ താക്കോൽ കൈമാറി

കൊച്ചി: പാർപ്പിടമില്ലാത്തവർക്ക് പാർപ്പിടം നൽകുന്നതിന് മനസുണ്ടാവുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്ന് എറണാകുളം - അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ.

കുവൈറ്റ് സീറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ സഹകരണത്തോടെ എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ പൂർത്തിയാക്കിയ 25 കാരുണ്യഭവനങ്ങളുടെ താക്കോൽദാന ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ നടന്ന യോഗം ടി.ജെ. വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. താക്കോൽദാനം ആർച്ച്ബിഷപ്പും എംഎൽഎയും ചേർന്നു നിർവഹിച്ചു.സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ആമുഖപ്രഭാഷണം നടത്തി. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി ആന്റണി മനോജ് കിരിയാന്തൻ, സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ പ്രതിനിധികളായ ജോൺസൺ നീലങ്കാവിൽ, ജേക്കബ് പൈനാടത്ത്, ജോജി ചേപ്പില, സഹൃദയ അസി. ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, ആനീസ് ജോബ്, ജിസ് പി. പോൾ എന്നിവർ പ്രസംഗിച്ചു.