News
അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ നവീകരിച്ച ഹാർട്ട് കെയർ സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ അതിനൂതന ഹൃദ്രോഗ ചികിത്സാ സംവിധാനങ്ങൾ പുതുതായി ഉൾപ്പെടുത്തി നവീകരിച്ച ലിറ്റിൽ ഫ്ലവർ ഹാർട്ട് കെയർ സെന്ററിന്റെ ആശീർവാദകർമ്മം മെത്രോപ്പൊലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ആൻ്റണി കരിയിൽ നിർവഹിച്ചു. സങ്കീർണ്ണ ഹൃദ്രോഗം ചികിത്സിക്കാനുള്ള പുതിയ സംവിധാനങ്ങൾ ഉൾപെടുത്തിക്കൊണ്ടാണ് ഹാർട്ട് കെയർ സെന്ററിന്റെ പ്രവർത്തനം നവീകരിച്ചിട്ടുള്ളതെന്നു ഡയറക്ടർ ഫാ. ഡോ.വർഗ്ഗീസ് പൊട്ടക്കൽ അറിയിച്ചു .
2009-ൽ മോൺ. സെബാസ്റ്റ്യൻ വടക്കുമ്പാടൻ ഡയറക്ടർ ആയിരിക്കുമ്പോഴാണ് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ആധുനിക ഹാർട്ട് കെയർ സെന്റർ പ്രവർത്തനം തുടങ്ങുന്നത്. ഇന്റർവെൻഷണൽ കാർഡിയോളജി, കാര്ഡിയോതൊറാസിക് ആന്റ് വാസ്കുലാര് സര്ജറി, കാർഡിയാക് അനസ്തേഷ്യ എന്നി വിഭാഗങ്ങളാണ് ഹാർട്ട് കെയർ സെന്ററിൽ പ്രവർത്തിക്കുന്നത്. 10 ഡോക്ടർമാരും നൂറിലധികം ജീവനക്കാരും ഉള്ള ഈ വിഭാഗം 24 മണിക്കൂറും ഹൃദയാരോഗ്യ പരിചരണത്തിന് സുസജ്ജമാണ്. ബൈഫർകേഷൻ ആൻജിയോപ്ലാസ്റ്റി, പെരിഫെറൽ ആൻജിയോപ്ലാസ്റ്റി, സ്ട്രോക്ക് ഇന്റർവെൻഷൻ എന്നിവ ചെയ്തു വരുന്നു. ഏതാണ്ട് കാൽ ലക്ഷത്തോളം പേർക്ക് നാളിതുവരെ സേവനം നൽകാൻ സാധിച്ചിട്ടുണ്ട്. ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ മുതൽ വാൽവ് മാറ്റിവക്കൽ, താക്കോൽദ്വാര ബൈപാസ് ശസ്ത്രക്രിയ എന്നിവ മികച്ച നിലയിൽ ചെയ്തു വരുന്നു.
ഹൃദ്രോഗികളുടെ ശ്വാസകോശ സംബന്ധമായ പ്രവര്ത്തനക്ഷമത സൂക്ഷ്മമായി വിലയിരുത്താനുള്ള അതൃാധുനിക സീപെറ്റ് മെഷീനു, പുറമെ ഹൃദയധമനികളുടെ ഉള്വശം നിരീക്ഷണ വിധേയമാക്കാനും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം പഠിക്കാന് ഉപകാരപ്പെടുന്നതുമായ ലോകോത്തര നിലവാരമുള്ള ജര്മ്മന് നിര്മ്മിത ഐവസ് മെഷീന്, 4ഡിടി.ഇ.ഇ, ഇന്ട്രാകാര്ഡിയാക് എക്കോമെഷീന്, എന്നിവ കൂടി സ്ഥാപിച്ചതോടെ ഈ സൗകരൃങ്ങളുള്ള കേരളത്തിലെ അപൂര്വ്വം ആശുപത്രികളുടെ പട്ടികയില് ലിറ്റില് ഫ്ളവര് ആശുപത്രിയും ഇടം പിടിച്ചു.