News

സഹൃദയ സ്നേഹനയനം നേത്രദാന ചലഞ്ചിനു തുടക്കം

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്നേഹനയനം നേത്രദാന ചലഞ്ചിനു തുടക്കം. സഹൃദയയുടെ വനിതാ ദിനാഘോഷ വേദിയിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.

സഹൃദയയുടെ കുടുംബാംഗങ്ങളുടെ നേത്രദാന സമ്മതപത്രം എൽഎഫ് നേത്രബാങ്കിനു കൈമാറി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വനിതകളുടെ അവകാശങ്ങളെക്കുറിച്ചും സമൂഹനിർമിതിയിൽ അവർക്കുള്ള നിർണായക സ്ഥാനത്തെക്കുറിച്ചും അറിവു നേടുകയും അതനുസരിച്ച് മുന്നിട്ടിറങ്ങി പ്രവർത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ സാഹചര്യങ്ങളോടു മനുഷ്യത്വത്തിൽ നിന്നുള്ള ഉൾവിളിക്കനുസരിച്ചു പ്രതികരിക്കാനുള്ള മനോഭാവമാണ് ഓരോരുത്തരും കൈവരിക്കേണ്ടതെന്ന് വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്ത് മനുഷ്യവകാശ പ്രവർത്തക ദയാബായി പറഞ്ഞു. സാമൂഹ്യതിന്മകൾക്കെതിരെ തലമുറകളുടെ പ്രതികരണശേഷി വളർത്തിയെടുക്കുന്നതിന് അമ്മമാർക്ക് നിർണായക പങ്കുണ്ട്. അറിവു പകരുന്നതു മുതൽ ആരോഗ്യപരിപാലനത്തിൽ വരെ വീട്ടിലും നാട്ടിലും മുഖ്യപങ്കാളിത്തം വഹിക്കാൻ സ്ത്രീകൾക്കും കഴിയും. മനുഷ്യരായി ജനിച്ച എല്ലാവർക്കും ഓരോ ജന്മനിയോഗമുണ്ടെന്നും അതു തിരിച്ചറിഞ്ഞ് മറ്റുള്ളവർക്ക് നന്മ ചെയ്യാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.


Source: Deepika, 2022 March 07