News
സംസ്ഥാനതല ബൈബിള്‍ കലോത്സവജേതാക്കളെ അനുമോദിച്ചു
കെ. സി. ബി. സി. സംസ്ഥാന ബൈബിള്‍ കലോത്സവത്തില്‍ ഇക്കുറിയും കിരീടം സ്വന്തമാക്കിയ എറണാകുളം-അങ്കമാലി അതിരൂപതാ ടീമംഗങ്ങളെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ബോസ്കോ പുത്തൂര്‍ കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ വച്ച് നടന്ന പ്രത്യേക ചടങ്ങില്‍ സമ്മാനം നല്‍കി ആദരിച്ചു. എറണാകുളം തേവര എസ്. എച്ച്. കോളേജില്‍ ആണ് സംസ്ഥാനതല ബൈബിള്‍ കലോത്സവം ഈ വര്‍ഷം നടന്നത്. കേരളത്തിലുള്ള എല്ലാ കത്തോലിക്കാരൂപതകളും ബൈബിള്‍കലോത്സവത്തില്‍ പങ്കെടുത്തു. രണ്ട് വര്‍ഷം കൂടുമ്പോഴാണ് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ കെ. സി. ബി. സി. സംസ്ഥാനതല ബൈബിള്‍ കലോത്സവം സംഘടിപ്പിക്കുന്നത്. 188 പോയന്‍റ് നേടിയാണ് എറണാകുളം - അങ്കമാലി അതിരൂപത ഓവറോള്‍ കിരീടം നിലനിര്‍ത്തിയത്.
എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ വച്ച് നടന്ന ചടങ്ങില്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ബോസ്കോ പുത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. സി. ബി. സി. ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ബഹുമാനപ്പെട്ട ഫാ. ജോജു കോക്കാട്ട്, അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ആന്‍റണി പെരുമായന്‍, പ്രൊക്കുറേറ്റര്‍ ഫാ. പോള്‍ മാടശ്ശേരി, അതിരൂപതാ ബൈബിള്‍ അപ്പസ്തൊലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് താമരവെളി, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. സനു പുതുശ്ശേരി എന്നിവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് സംസാരിച്ചു.