News

മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിന് എറണാകുളം മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ ഊഷ്മള വരവേൽപ് നൽകി.

സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായി ചുമതലയേറ്റ മാർ റാഫേൽ തട്ടിൽ പിതാവിന് എറണാകുളം ആർച്ച് ബിഷപ്സ് ഹൗസിൽ സ്വീകരണം നൽകി. സീറോ മലബാർ മെത്രാന്മാരുടെ സിനഡ് സമ്മേളനം സമാപിച്ചതിനുശേഷമാണ് തന്റെ അതിരൂപത ആസ്ഥാനത്തേക്കു മേജർ ആർച്ചുബിഷപ് എത്തിയത്. അതിരൂപതയുടെ അപ്പസ്തോലി അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തിൽ, ആർച്ചുബിഷപ് മാർ ആന്റണി കരിയിൽ, ആർച്ചുബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാർ തോമസ് ചക്യേത്ത്, മാർ ജേക്കബ് മനത്തോടത്ത്, മാർ ജോസ് ചിറ്റുപറമ്പൻ, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരും അതിരൂപത ആലോചനാ സമിതി അംഗങ്ങളും ഫൊറോനാ വികാരിമാരും വൈദികരും സന്യസ്തരും അല്മായരും ചേർന്ന് പുതിയ മേജർ ആർച്ചുബിഷപ്പിനെ സ്വീകരിച്ചു. സെന്റ് മേരീസ്‌ കത്തീഡ്രൽ ബസിലിക്കയിൽ പ്രാർഥന നടത്തിയ മേജർ ആർച്ച് ബിഷപ് മുൻഗാമികളുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി.

ആർച്ച് ബിഷപ്സ് ഹൗസിലെ ചാപ്പലിലും  ഒരുക്കിയ 

  പ്രാർത്ഥനാ ശുശ്രൂഷയിൽ മേജർ ആർച്ചുബിഷപ്പ് പങ്കുചേർന്നു. അത്താഴത്തോടൊപ്പം ക്രമീകരിച്ചിരുന്ന യോഗത്തിൽ അതിരൂപതയുടെ വികാരി ജനറൽ മോൺ. വർഗീസ് പൊട്ടയ്ക്കൽ, മാർ ബോസ്കോ പുത്തൂർ എന്നിവർ പ്രസംഗിച്ചു. മേജർ ആർച്ച് ബിഷപ് മറുപടി പ്രസംഗം നടത്തി.