News

എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസപരിശീലന വർഷത്തിന് തുടക്കമായി

കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയുടെ 2024-25 വിശ്വാസ പരിശീലന വർഷം കലൂർ കർദ്ദിനാൾ പാറേക്കാട്ടിൽ റിന്യൂവൽ സെൻ്ററിൽ അതിരൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ് ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. സാമൂഹോന്മുഖമായ വിശ്വാസ ജീവിതത്തിലൂടെ കുട്ടികൾ സമൂഹ സൃഷ്ടിയിൽ പങ്കാളികളാകണമെന്ന് അദ്ദേഹം അഹ്വാനം ചെയ്തു‌. വിശ്വാസപരിശീലനവർഷ ത്തിന്റെ പ്രാർത്ഥനയിൽ വളരാം എന്ന ലോഗോയുടെ പ്രകാശനകർമ്മവും അദ്ദേഹം നടത്തി.

അതിരൂപതയിലെ എല്ലാ ഇടവകകളിലെയും പ്രധാനാധ്യാപകരും, ഫൊറോന പ്രൊമോട്ടഴ്സും, സെക്രട്ടറിമാരും, വിവിധ മത്സരങ്ങളിലും പരീക്ഷകളിലും വിജയികളായ കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത സമ്മേളനത്തിൽ വികാരി ജനറാൾ മോൺ. ആൻ്റണി പെരുമായൻ അദ്ധ്യക്ഷം വഹിച്ചു.

വിശ്വാസപരിശീലനരംഗത്ത് 25ഉം, 40ഉം, 50ഉം വർഷം പൂർത്തികരിച്ച നൂറോളം അധ്യാപകരെ സമ്മേളനത്തിൽ ആദരിച്ചു. വിശ്വാസപരിശീലനകേന്ദ്രം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും അതിരൂപതാതല സ്കോളർഷിപ്പു നേടിയവർക്കും അവാർഡുകൾ വിതരണം ചെയ്തു.

കാറ്റിക്കിസം ഡയറക്‌ടർ റവ. ഫാ. പോൾ മോറേലി, അതിരൂപത ഫൊറാന സെക്രട്ടറിമാരുടെ പ്രതിനിധി സി. റോസാൻറോ F.C.C, അതിരൂപത പ്രോമോട്ടർമാരുടെ പ്രതിനിധി ശ്രീ. മനു തോമസ്, അതിരൂപത പ്രധാനാധ്യപകരുടെ പ്രതിനിധി ശ്രീ. മാത്യു ജോസഫ് കൂടല്ലിൽ, കുട്ടികളുടെ പ്രതിനിധിയും അതിരൂപത പ്രതിഭയുമായ കുമാരി ആഷ്‌ലി ബിജു എന്നിവർ പ്രസംഗിച്ചു. അസി. ഡയറക്‌ടർ യോഗത്തിൽ നന്ദി പറഞ്ഞു.