15-12-2025
പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പയുമായി മേജര്‍ ആര്‍ച്ചുബിഷപ്പ് കൂടിക്കാഴ്ച നടത്തി
സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പയുമായി 2025 ഡിസംബര്‍ 15-നു രാവിലെ 10.00 മണിക്ക് വത്തിക്കാനില്‍ സുപ്രധാനമായ കൂടിക്കാഴ്ച നടത്തി. സീറോമലബാര്‍ മെത്രാന്‍ സിനഡിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ റോമിലെ പ്രൊക്യൂറേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരും ഈ സന്ദര്‍ശനത്തില്‍ ഉണ്ടായിരുന്നു. സീറോമലബാര്‍ സഭയ്ക്ക് കേരളത്തിന് പുറത്ത് പുതുതായി നാലു പ്രോവിന്‍സുകളും ഗള്‍ഫുമേഖലയില്‍ അപ്പസ്‌തോലിക് വിസിറ്റേഷനും അനുവദിച്ചതിനും പന്ത്രണ്ടു രൂപതകളുടെ അതിര്‍ത്തി പുനഃക്രമീകരിക്കുന്നതിനുള്ള സിനഡുതീരുമാനത്തിനു അംഗീകാരം നല്കിയതിനും പരിശുദ്ധ പിതാവിനോടുള്ള സഭയുടെ ഹൃദയപൂര്‍വ്വമായ നന്ദി മേജര്‍ ആര്‍ച്ചുബിഷപ്പ് രേഖപ്പെടുത്തി. ഇതോടൊപ്പം, എറണാകുളം-അങ്കമാലി അതിരൂപതയിലെ നിലവിലെ സാഹചര്യം അഭിവന്ദ്യ പിതാക്കന്‍മാര്‍ പരിശുദ്ധ പിതാവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളും സംഭാഷണത്തിന്റെയും സഹിഷ്ണുതയുടെയും വഴിയിലൂടെ ഐക്യം സാധ്യമാക്കാനുള്ള ശ്രമങ്ങളും മേജര്‍ ആര്‍ച്ചുബിഷപ്പ് വിശദീകരിച്ചു. അതിരൂപതയിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയോടെ ശ്രവിച്ച പരിശുദ്ധ പിതാവ് കൂട്ടായ്മ ഉറപ്പാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളോട് അതിരൂപതയിലെ വിശ്വാസികളും വൈദികരും സമര്‍പ്പിതരും പൂര്‍ണമായും സഹകരിക്കേണ്ടതിന്റെ ആവശ്യം എടുത്തുപറഞ്ഞു.
No Files!!