18-12-2025

മോണ്‍. ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ചു

കേരള കത്തോലിക്കാ സഭയ്ക്ക് ഈടുറ്റ സംഭാവനകള്‍ നല്‍കിയിട്ടുള്ള ദൈവദാസന്‍ ജോസഫ് പഞ്ഞിക്കാരനെ, 2025 ഡിസംബര്‍ 18-ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ധന്യനായി പ്രഖ്യാപിച്ചു. ചേര്‍ത്തല ഫൊറോനയിലെ ഉഴുവയില്‍ 1888 സെപ്റ്റംബര്‍ 10-നാണ് പഞ്ഞിക്കാരനച്ചന്റെ ജനനം. 1949 നവംബര്‍ 4-ന് നിര്യാതനായ അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ക്ക് കോതമംഗലം രൂപത 2010-ല്‍ തുടക്കമിട്ടു. അന്നുമുതല്‍ ദൈവദാസന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടു പോരുകയായിരുന്നു. പ്രസിദ്ധമായ തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ എം.എ. നേടി എത്തിയതിനു ശേഷമാണ് അദ്ദേഹം എറണാകുളം അതിരൂപതയുടെ മൈനര്‍ സെമിനാരിയില്‍ വൈദികവിദ്യാര്‍ഥിയായി ചേര്‍ന്നത്. സുറിയാനി കത്തോലിക്കരുടെ ഇടയില്‍നിന്ന് ആദ്യമായി എം.എ. ബിരുദം നേടിയ അദ്ദേഹത്തിന്റെ സെമിനാരി പ്രവേശനം തന്നെ അന്നു ശ്രദ്ധ നേടി. ശ്രീലങ്കയിലെ കാന്‍ഡി സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കി. 1918 ഡിസംബര്‍ 21-ന് വൈദികനായി അഭിഷിക്തനായി. എറണാകുളം അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ആലുവ സെന്റ് മേരീസ് സ്‌കൂളില്‍ അധ്യാപകനായി പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ചു. എറണാകുളം അതിരൂപത വൈദികനായിരുന്ന പഞ്ഞിക്കാരനച്ചനാണ് സത്യദീപം വാരികയുടെ സ്ഥാപകരില്‍ ഒരാള്‍. ഇദ്ദേഹം ധര്‍മ്മഗിരി സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനാണ്. 1921 മുതല്‍ മരണം വരെ, എറണാകുളം അതിരൂപത വേദപ്രചാരവിഭാഗത്തിന് നേതൃത്വം വഹിച്ച മോണ്‍. പഞ്ഞിക്കാരന്‍ അവിഭക്ത എറണാകുളം അതിരൂപതയുടെ ഭാഗമായിരുന്ന കിഴക്കന്‍ പ്രദേശങ്ങളില്‍, കോതമംഗലം, ചേര്‍ത്തല കേന്ദ്രീകരിച്ച് ശക്തമായ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തി. കോതമംഗലത്ത് ധര്‍മ്മഗിരി ആശുപത്രി സ്ഥാപിച്ച മോണ്‍. പഞ്ഞിക്കാരന്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ സ്ഥാപനത്തിലും നിര്‍ണായക പങ്കു വഹിച്ചു. പിന്നീട് അന്നത്തെ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് അഗസ്റ്റിന്‍ കണ്ടത്തിലിന്റെ അനുമതിയോടെ അധ്യാപകവൃത്തി വിട്ട് പാവപ്പെട്ടവരുടെയും ദളിതരുടെയും ഇടയില്‍ സേവനം ചെയ്യാന്‍ ആരംഭിച്ചു. അതിരൂപതയുടെ കിഴക്കന്‍ പ്രദേശത്തേക്ക് യാത്രയായ അദ്ദേഹം കോതമംഗലത്ത് ധര്‍മ്മഗിരി എന്ന ചികിത്സാലയം സ്ഥാപിച്ചു. പാവപ്പെട്ടവര്‍ക്കു ചികിത്സ നല്‍കാനായി മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് എന്ന സന്യാസിനീസമൂഹത്തിനു രൂപം നല്‍കി. 1925-ല്‍ റോമില്‍ നടന്ന ഇന്റര്‍നാഷണല്‍ മിഷന്‍ എക്‌സിബിഷനില്‍ സീറോമലബാര്‍സഭയുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിലോസഫി, തിയോളജി, കാനന്‍ നിയമം എന്നീ വിഷയങ്ങളില്‍ റോമില്‍ ഉപരിപഠനം നടത്തി. ഡബ്ലിനില്‍ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.

No Files!!