News
- 17-02-2026
17-02-2026
വിലങ്ങാട് ദുരിതബാധിതർക്ക് എറണാകുളം-അങ്കമാലി അതിരൂപത ഏഴു വീടുകൾ കൈമാറി
കൊച്ചി: ഉരുൾപൊട്ടൽ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി എറണാകുളം - അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നിർമിച്ച ഏഴു വീടുകൾ കൈമാറി.വിലങ്ങാട്ടെ ദുരിതബാധിതർക്കാണ് വീടുകൾ നിർമിച്ചുനൽകിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതിരൂപത നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നിർമിച്ച ഏഴു വീടുകളാണ് പൂർത്തീകരിച്ചു കൈമാറിയത്. ചൂരൽമല ദുരന്തത്തിൽ ഭവനരഹിതരായവർക്കുള്ള അതിരൂപതയുടെ പത്തു വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളിൽനിന്നുള്ള സാന്പത്തികസഹായങ്ങളോടെയും താമരശേരി രൂപത സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെ സഹകരണത്തോടെയുമാണ് സഹൃദയ പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. 17 ഭവനങ്ങളുടെ നിർമാണങ്ങൾക്കുപുറമെ, ജീവനോപാധി വികസനപദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ടെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.ഏഴു വീടുകളുടെ ആശീർവാദകർമം എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയും താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോയ്സ് വയലിലും ചേർന്നു നിർവഹിച്ചു.
കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ. ആന്റോ ചേരാംതുരുത്തി, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസോ. ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, വിലങ്ങാട് ഫൊറോന വികാരി ഫാ. വിൽസൺ മുട്ടത്തുകുന്നേൽ, മഞ്ഞക്കുന്ന് ഇടവക വികാരി ഫാ. ബോബി പൂത്തുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
No Files!!