News
- 01-04-2026
01-04-2026
എറണാകുളം-അങ്കമാലി മേജർ അതിരൂപതയിൽ മൂറോൻ വെഞ്ചരിപ്പ് ശുശ്രൂഷ
കൊച്ചി: വൈദികർ ജനങ്ങൾക്കു നിരന്തരം സംലഭ്യരാകണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഓർമിപ്പിച്ചു. എറണാകുളം-അങ്കമാലി മേജർ അതിരൂപതയിൽ മൂറോൻ വെഞ്ചരിപ്പ് ശുശ്രൂഷ നിർവഹിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
അർപ്പിക്കുന്ന വിശുദ്ധ കുർബാനകൾക്കും നിർവഹിച്ച ശുശ്രൂഷകൾക്കുമൊപ്പം തന്നിൽ ഏൽപിക്കപ്പെട്ടിട്ടുള്ള ദൈവജനത്തിന്‍റെ അത്മീയ ആവശ്യങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നമുക്കു സാധിക്കണം. മനുഷ്യർക്കിടയിലുള്ള വൈദികരുടെ സാന്നിധ്യം ദൈവത്തിന്‍റെ സാമീപ്യം സ്വർഗത്തിൽ നിന്നു നമുക്കിടയിലേക്കെത്തിക്കാനുള്ള സാധ്യതയാണ്.
ദൈവജനത്തിനായി മുറിക്കപ്പെടേണ്ടവരും പങ്കുവയ്ക്കപ്പെടേണ്ടവരുമാണു വൈദികർ. ദൈവത്തിനും ദൈവജനത്തിനുമായി മാറ്റിനിർത്തപ്പെട്ടവരാണവർ. ദൈവത്തിനും ദൈവജനത്തിനുമായി നാം ചെയ്യേണ്ടതു ചെയ്യാതെ വരുന്പോൾ ദൈവം സങ്കടപ്പെടുന്നു. വൈദികർ കുടുംബങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് അജപാലന പ്രവർത്തനം എന്നതിനേക്കാൾ, നമ്മുടെ ആധ്യാത്മിക ജീവിതത്തിന്‍റെ താളക്രമമാകണം.
അഭിഷിക്തർ നിർവഹിക്കുന്നതു ദൈവത്തിന്‍റെ ദൗത്യമാണ്. ദൈവത്തിന്‍റെ ദൗത്യം നിർവഹിക്കേണ്ടത് ദൈവം ആഗ്രഹിക്കുന്നതുപോലെയാണ്. കൂദാശകളും അനുഷ്ടാനങ്ങളും നമുക്കിഷ്ടമുള്ളതുപോലെ ചെയ്യാൻ ദൈവം ആഗ്രഹിക്കുന്നില്ല. നമ്മുടെ എല്ലാ കൂദാശാപരികർമങ്ങളിലും വൈദികർ ദൈവത്തിന്‍റെ ഉപകരണങ്ങളാണ്. പൗരോഹിത്യം വ്യക്തിപരമായ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനുള്ള അവസരമല്ല, ദൈവം ആഗ്രഹിക്കുന്നതു നമ്മിലൂടെ നിർവഹിക്കപ്പെടാനുള്ളവിളിയാണ്.
സഭ ഒരു കുടുംബമാണ്. ആ കുടുംബം മനസുകൊണ്ടു പൊരുത്തത്തിലും കൂദാശകളുടെ ഐക്യത്തിലും അജപാലന പ്രവർത്തനങ്ങളിലെ കൂട്ടുത്തരവാദിത്വത്തിലും ഒരുമിച്ചു മുന്നോട്ടു നീങ്ങാൻ പരിശ്രമങ്ങളും പ്രാർഥനകളും ആവശ്യമാണെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ നടന്ന ശുശ്രൂഷകളിൽ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ തോമസ് ചക്യത്ത്, വികാരി ജനറാൾ ഫാ. ഡോ. ജോസ് പുതിയേടത്ത്, ഫാ. ഡോ. ആന്‍റണി നരികുളം, ബസലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് മങ്ങാട്ട് എന്നിവർ സഹകാർമികരായി.
ദിവ്യകാരുണ്യ ആരാധന, അനുരഞ്ജന ശുശ്രൂഷ, ധ്യാനം, കുന്പസാരം, തൈലം വെഞ്ചരിപ്പ് എന്നിവയുണ്ടായിരുന്നു.
No Files!!