13-05-2026

ദൈവിക ശുശ്രൂഷയിൽ പുതിയ ചുവടുവയ്പുമായി ദൈവദാൻ സന്യാസിനിമാർ

കൊച്ചി: ആരോരുമില്ലാത്തവർക്കും അഗതികൾക്കും അഭയമൊരുക്കുന്നതിനു ജീവിതം സമർപ്പിച്ച ദൈവദാൻ സന്യാസിനിമാരുടെ ശ്രേഷ്ഠ ശുശ്രൂഷകൾക്കായി ഒരു ഭവനം കൂടി. ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കൽ സ്ഥാപിച്ച ദൈവദാൻ സന്യാസിനി സമൂഹത്തിന്‍റെ ഏഴാമത്തെ അഗതിമന്ദിരം അങ്കമാലി വാതക്കാട് ആരംഭിച്ചു. 1982ൽ തലശേരി കോളയാട് നിരാലംബരായ വയോജനങ്ങൾക്കുവേണ്ടിയാണ് ആദ്യത്തെ ദൈവദാൻ സെന്‍റർ ആരംഭിച്ചത്. ഇവിടെ ഇപ്പോൾ‌ സ്ത്രീകൾക്കും പുരുഷന്മാർക്കുമായുള്ള രണ്ടു സെന്‍ററുകളുണ്ട്. ഇവയ്ക്കു പുറമേ, പാലക്കാട് വടക്കഞ്ചേരി, ഇടുക്കി തങ്കമണി, മലയാറ്റൂർ‌, കാഞ്ഞൂർ എന്നിവിടങ്ങളിൽ ദൈവദാൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി അറുനൂറോളം അന്തേവാസികളാണ് ഇവിടെ സന്തോഷത്തോടെ കഴിയുന്നത്. ഇതിന്‍റെ തുടർച്ചയായാണു വാതക്കാട് അന്പതോളം അഗതികളെ പാർപ്പിക്കാനാവുന്ന സൗകര്യങ്ങളോടെ സെന്‍റർ ആരംഭിച്ചത്. നാലര പതിറ്റാണ്ടോളമായി പാവങ്ങൾക്കും രോഗികൾക്കുമായി ശുശ്രൂഷ ചെയ്യുന്ന ദൈവദാൻ സെന്‍ററുകളുടെ പ്രവർത്തനങ്ങൾ സുമനസുകളുടെ സഹായത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നു മലയാറ്റർ ആസ്ഥാനമായ ദൈവദാൻ സന്യാസിനി സമൂഹത്തിന്‍റെ (ഡിഡിഎസ്) സുപ്പീരിയർ ജനറൽ സിസ്റ്റർ മിന്‍റോ പറഞ്ഞു. വാതക്കാട് അഗതിമന്ദിരം ആരംഭിക്കുന്നതിന് 1.50 ഏക്കർ ഭൂമി നിറ്റോ വടക്കുഞ്ചേരിയാണ് സൗജന്യമായി വിട്ടു നൽകിയത്. പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. എറണാകുളം -അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പുതിയ സെന്‍ററിന്‍റെ ആശീർവാദവും ഉദ്ഘാടനവും നിർവഹിച്ചു. ഡയറക്ടർ ഫാ. ഡോ. ജോസ് ഇടശേരി, സ്പിരിച്വൽ ഡയറക്ടർ ഫാ. ജോസ് തൈപ്പറന്പിൽ, സുപ്പീരിയർ ജനറൽ സിസ്റ്റർ മിന്‍റോ തുടങ്ങിയവർ നേതൃത്വം നൽകി. അന്പതു സ്ത്രീകൾക്കു താമസിക്കാനുള്ള സൗകര്യങ്ങളും ചാപ്പലും അനുബന്ധ സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ടെന്നു വാതക്കാട് സെന്‍റർ സുപ്പീരിയർ സിസ്റ്റർ ജിജി അറിയിച്ചു.

No Files!!