News
- 06-11-2026
06-11-2026
പൗളിനുസ് പാതിരിയുടെ പുരാതനഗ്രന്ഥം ഇനി എറണാകുളം-അങ്കമാലി അതിരൂപത രേഖാലയത്തിൽ
കൊച്ചി: 220 വർഷം മുൻപ് അച്ചടിക്കപ്പെട്ട സംസ്കൃത വ്യാകരണഗ്രന്ഥത്തിന്റെ ഇന്ത്യയിൽ ലഭ്യമായ ഏക പകർപ്പ് ഇനി എറണാകുളം-അങ്കമാലി അതിരൂപത രേഖാലയത്തിൽ സൂക്ഷിക്കും. ഇറ്റാലിയൻ മിഷണറിയായ പൗളിനുസ് പാതിരി എഴുതിയ അമൂല്യ ഗ്രന്ഥം രേഖാലയത്തിനായി ആർച്ച്ബിഷപ് മാർ ജോസഫ് പാമ്പ്ലാനി ഏറ്റുവാങ്ങി. വർഷങ്ങളായി ഈ ഗ്രന്ഥം കൈവശം സൂക്ഷിച്ചിരുന്നത് എഴുത്തുകാരനായ വർഗീസ് അങ്കമാലിയാണ്.
വിയാനി പ്രിന്റിംഗിന്റെ അറുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് അദ്ദേഹം ഗ്രന്ഥം രേഖാലയത്തിന് കൈമാറുകയായിരുന്നൂ. 1804 ൽ റോമിൽ അച്ചടിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ രചയിതാവായ പൗളിനുസ് പാതിരി, 1776 മുതൽ 1789 വരെ വരാപ്പുഴയിലെ കർമലീത്താ ആശ്രമത്തിൽ താമസിച്ചു പ്രവർത്തിച്ചിരുന്നു.
വ്യാകരണ൦ അഥവാ സംസ്കൃത ഭാഷയുടെ സമഗ്രപരിചയം എന്ന പേരിലുള്ള ഗ്രന്ഥം ലത്തീൻ ഭാഷയിലാണ് എഴുതിയിട്ടുള്ളത്. ഇന്ത്യയിലേക്ക് വരുന്ന മിഷണറിമാർക്ക് ഇന്ത്യൻ ഭാഷകളുടെ മാതാവായ സംസ്കൃതം പഠിക്കാനും ഇന്ത്യയിലെ പ്രാചീനമായ വേദഗ്രന്ഥങ്ങൾ വായിച്ചു മനസ്സിലാക്കാനുമുള്ള മാർഗ്ഗമെന്ന നിലയിലാണ് താൻ ഈ ഗ്രന്ഥരചന നടത്തിയതെന്ന് ആമുഖത്തിൽ പൗളിനുസ് പാതിരി പറയുന്നു. മലയാളഭാഷയിലെ അച്ചടി ചരിത്രത്തിൽ നിർണ്ണായകസ്ഥാനമുള്ള റോമിലെ പ്രൊപ്പഗാന്ത പ്രസിൽ, വാർത്തൊടുത്ത ലോഹ ടൈപ്പുകൾ ഉപയോഗിച്ചാണ് അച്ചടി നിർവഹിച്ചിട്ടുള്ളതെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ രേഖാലയം ഡയറക്ടർ ഫാ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി അറിയിച്ചു. ഗ്രന്ഥപ്പുര ഈ പുസ്തകം ഡിജിറ്റലാക്കി പൊതുജനങ്ങൾക്കു ലഭ്യമാക്കിയിരുന്നു.
No Files!!